രണ്ടു  മാസത്തില്‍  ഒരിക്കലെങ്കിലും അമ്മ തന്നയച്ച മണി ഓർഡറോ, കത്തൊ അല്ലെങ്കില്‍  ഗ്രീടിംഗ് കാര്‍ഡോ  അയക്കാനായി കൃഷ്ണയ്ക്ക് കുട്ടികാലം മുതലേ പോസ്റ്റ്‌ ഓഫീസില്‍ പോകേണ്ടി  വന്നിട്ടുണ്ട്.  അവളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലുള്ള ശാരീരികവും മാനസികവുമായ എല്ലാ വളര്‍ച്ചയും കണ്ടറിഞ്ഞവരാണ്  പോസ്റ്റ്‌ ഓഫീസ് ഉദ്ധ്യോഘസ്ഥർ. നാല് പേരാണ് കുതിരവട്ടം പോസ്റ്റ്‌ ഓഫീസില്‍ ഉള്ളത് . ഇത് കൂടാതെ ഒരു പോസ്റ്റ്‌ മാനും . കൂട്ടത്തില്‍ ഒരു സ്ത്രീ ഉദ്ധ്യോഘസ്ഥ മാത്രം. എല്ലാവരായും കൃഷ്ണ നല്ല അടുപ്പത്തിലാണ് . അവളെക്കാളും മുപ്പതു വയസ്സെങ്കിലും അധികമുള്ള അവരെ ഓരോരുത്തരെയും അവള്‍ അങ്ങേയറ്റം ബഹുമാനിച്ചു.

കൂട്ടുകാരികളുമൊത്ത് തമാശപറഞ്ഞ്‌ നടന്നു വന്നിരുന്ന കൃഷ്ണ ഒരുനാള്‍    സൈക്കിള്‍ പറപ്പിച്ചു വന്നു .
” അങ്കിള്‍ , എന്‍റെ പുതിയ  സൈക്കിളാ  . ഇന്നലെ രാത്രിയാ കൊണ്ടുവന്നത് . മുന്നില്‍ കൊട്ടയൊക്കെ ഉണ്ട് . എങ്ങനെയുണ്ട് ? “
” കൊള്ളാം ! അടിപൊളിയായിട്ടുണ്ട് . ഇനി കൃഷ്ണക്കുട്ടിയെ പിടിച്ചാല്‍ കിട്ടില്ലല്ലോ .കടയിലൊക്കെ വരാനിനി മോള്‍ക്ക്‌ എളുപ്പമായല്ലോ . എന്തായാലും നന്നായി !”
സൈക്കിള്‍ മാറി പെട്ടന്നൊരു ദിവസം അവള്‍ സ്കൂട്ടറില്‍ വന്നു. ദൂരെ നിന്ന് അവളുടെ ലക്കില്ലാത്ത വരവുകണ്ട് പോസ്റ്റ്‌ ഓഫീസിലെ എല്ലാവരും വാ പൊളിച്ചു ഹൃദയത്തില്‍ കൈവച്ച് പ്രാര്‍ത്തിച്ചു നിന്നു .
” ഇതെപ്പോഴാ മോളെ നീ വാങ്ങിയെ ? “
“ഹ ഹ ! ഇപ്പോള്‍ വാങ്ങിയതെയുള്ളു അങ്കിള്‍ . 10 – ആം  ക്ലാസ്സ്‌ കഴിഞ്ഞാല്‍ വാങ്ങിത്തരാമെന്ന് അച്ഛന്‍ വാക്ക് തന്നിരുന്നു “
” അതുശെരി ! ഇനിയെന്താ വേണ്ടത് ? എല്ലാമായില്ലേ ? ഇപ്പോഴത്തെ കുട്ടികളുടെയൊക്കെ ഒരു ഭാഗ്യം ! “
പല ആവശ്യത്തിനായും കൃഷ്ണ പോസ്റ്റ്‌ ഓഫീസില്‍  കയറിയിറങ്ങി . അവിടെ എല്ലാവരുടെയും മനസ്സില്‍ അവളിപ്പോഴും  ആ പഴയ കൃഷ്ണമോളായിരുന്നു . എത്ര വലുതായിട്ടും പോസ്റ്റ്‌ ഓഫീസില്‍ ചെന്നാല്‍ കൃഷ്ണയുടെ സ്വഭാവവും ശരീരഭാഷയും താനേ കുട്ടികളുടേതാവും . വാക്കാല്‍ പറയാത്ത ശുദ്ധമായ സ്നേഹം അവള്‍ അവിടുന്ന് പലതവണ തൊട്ടറിഞ്ഞിരുന്നു . എന്നാല്‍ ഇന്നതിനു ചെറിയൊരു മാറ്റമുണ്ടായി . ചെറുതെന്ന് താഴ്ത്തി പറയാനാവില്ല . കാരണം, അവള്‍ക്കത് ചെറുതല്ലായിരുന്നു  .
ഇന്നവള്‍ പോസ്റ്റ്‌ ഓഫീസില്‍ ചെന്നത് കാറിലായിരുന്നു .കയ്യില്‍ ഇത്തവണ അമ്മ പോസ്റ്റ്‌ ചെയ്യാന്‍ കൊടുത്തയച്ച  ഒരു മണി ഓര്‍ഡര്‍ — ആലത്യൂര്‍ ഹനുമാന്‍ കോവിലിലേക്ക്  നെയ്യ് വിളക്കിനായി  30 രൂപ . എന്നും അവള്‍ അറിയാതെ ആസ്വദിച്ച ആ വാത്സല്യം ഇത്തവണ ഇല്ലായിരുന്നു എന്നതായിരുന്നു വ്യത്യാസം .കൌണ്ടറിൽ ഇരിക്കുന്ന രണ്ടു പേരും അവളുടെ സമപ്രായക്കാര്‍ .ഗൌരവത്തോടെ അവളെയൊന്നു നോക്കി കംപ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു .
” ഒരു മണി ഓര്‍ഡര്‍ അയക്കണം”
കൃഷ്ണ പറഞ്ഞു .
“ആ മേശപ്പുറത്തു ഫോം വച്ചിട്ടുണ്ട് . അത് ഫില്‍ ചെയ്തു അപ്പുറത്തെ കൌണ്ടറിൽ കൊടുത്താല്‍ മതി “
മണി ഓര്‍ഡര്‍ അയച്ച് ഒന്നും മിണ്ടാതെ അവള്‍ പുറത്തേക്കു നടന്നു .
വീട്ടിലെത്തിയ ഉടനെ കൃഷ്ണ അമ്മയോട് ചോദിച്ചു,
” പോസ്റ്റ്‌ ഓഫീസില്‍ പണ്ടുണ്ടായിരുന്ന അങ്കിള്‍ മാരൊക്കെ ഇപ്പൊ എവിടെയാ അമ്മെ ? ഒരാളൊഴിച്ച് ബാക്കി എല്ലാവരും എന്‍റെ പ്രായക്കാരാണല്ലോ ഇപ്പൊ “
“പിന്നെ ആളുകള്‍ മാറില്ലേ ? അവരൊക്കെ റിട്ടയറായി പോയിക്കാണും . എന്താ ? എന്ത് പറ്റി ? “
“ഒന്നുമില്ല !
‘ഇവിടെ “ടു” കഴിഞ്ഞു കോമ ഇടണ്ട മോളെ’ എന്ന് എന്നോട് പറയാനിനി അവിടെ ആരുമില്ല”.
Advertisements